ന്യൂഡൽഹി: രാജ്യത്തുടനീളം കുട്ടികളെ കാണാതാകുന്ന കേസുകളിൽ ഏതെങ്കിലും രാജ്യവ്യാപക ശൃംഖലയോ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളോ പ്രവർത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച് സുപ്രീംകോടതി.
കുട്ടികൾ കാണാതാകുന്ന സംഭവങ്ങൾക്കുപിന്നിൽ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക രീതി നിലനിൽക്കുന്നുണ്ടോയെന്നും അതോ അവയെല്ലാം ക്രമരഹിതമാണോയെന്നും പരിശോധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇവ പരിശോധിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും വിവരങ്ങൾ സമാഹരിക്കണമെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കാണാതായ കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കേസുകൾ നിരവധി സംസ്ഥാനങ്ങളിലുടനീളം വർധിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിർദേശം.
കാണാതായ കുട്ടികളുടെ ആറു വർഷത്തെ രാജ്യവ്യാപക കണക്ക് സമാഹരിക്കാൻ ഡിസംബർ ഒന്‍പതിന് സുപ്രീംകോടതി കേന്ദ്രത്തോടു നിർദേശിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കാണാതായ കുട്ടികളുടെ കണക്ക് 12 സംസ്ഥാനങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും 14 സംസ്ഥാനങ്ങൾ കേസുകളിലെ വിചാരണയുടെ സ്ഥിതിവിവരക്കണക്കുകൾ നൽകിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണനയ്ക്കെടുത്ത കോടതി, കണക്കുകൾ പരിശോധിക്കാത്ത സംസ്ഥാനങ്ങൾക്കെതിരേ ആവശ്യമെങ്കിൽ കർശന ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കാണാതായ കുട്ടികളെക്കുറിച്ച് സംസ്ഥാനങ്ങളിൽ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ സഹകരണം നിലനിൽക്കാത്തതു ചൂണ്ടിക്കാട്ടി ഓരോ സംസ്ഥാനങ്ങളിൽനിന്നും ഇത്തരം കേസുകൾ കെകാര്യം ചെയ്യുന്നതിന് ഒരു ഉദ്യോഗസ്ഥനെ തെരഞ്ഞെടുത്ത് രാജ്യവ്യാപകമായി അന്വേഷണം നടത്താനായി ഓണ്‍ലൈൻ പോർട്ടൽ തയാറാക്കണമെന്ന് മുന്‍പ് കോടതി കേന്ദ്രത്തോടു നിർദേശിച്ചിരുന്നു.
അതിനിടെ, ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി ഇടനിലക്കാരുടെ ശൃംഖല വഴി ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കു കടത്തിയ അഞ്ച് കേസുകൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഓരോ എട്ടു മിനിറ്റിലും രാജ്യത്ത് ഓരോ കുട്ടിയെ കാണാതാകുന്നുവെന്ന റിപ്പോർട്ടിൽ കഴിഞ്ഞ വർഷം നവംബർ 18ന് പരമോന്നത കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു.